സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാർലമെന്റിലെ പുക ആക്രമണ കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾക്ക് ഡൽഹി ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റീസുമാരായ സുബ്രഹ്മണ്യം പ്രസാദ് , ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് 2023 ലെ കേസുമായി ബന്ധപ്പെട്ട് നീലം ആസാദ്, മഹേഷ് കുമാവത്ത് എന്നിവർക്കു ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കു മുന്നിൽ യാതൊരു പ്രതികരണവും നടത്തരുതെന്നും അഭിമുഖങ്ങളോ പ്രസ്താവനകളോ പാടില്ലെന്നും കോടതി ജാമ്യവ്യവസ്ഥയിൽ നിർ ദേശിച്ചിട്ടുണ്ട്.
എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്നും 50,000 രൂപ ജാമ്യത്തുകയായി കെട്ടി വയ്ക്കണമെന്നും ബെഞ്ച് നിർദേശിച്ചു. നേരത്തെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പ്രത്യേക കോടതി പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് എതിർത്തിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
2023 ഡിസംബർ 13നായിരുന്നു പാർലമെന്റിന്റെ സന്ദർശക ഗാലറിയിൽനിന്നും ലോക്സഭാ ചേംബറിലേക്ക് പുകക്കുഴൽ വഹിച്ചുകൊണ്ട് പ്രതികൾ ചാടിയിറങ്ങിയത്. പാർലമെന്റിൽ ഭീകരാക്രമണം നടത്താനുള്ള ലക്ഷ്യം തങ്ങൾക്കില്ലായിരുന്നെന്നും തൊഴിൽ പ്രതിസന്ധി, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയവ ഉന്നയിക്കുകയിരുന്നു ഉദ്ദേശമെന്നുമായിരുന്നു ഇവരുടെ വാദം. രണ്ടു പേർ പാർലമെന്റിനുള്ളിൽ പ്രതിഷേധിച്ചപ്പോൾ പുറത്ത് മറ്റു രണ്ടു പേർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട നാല് പ്രതികളെയും ഡൽഹി പോലീസ് ഉടൻതന്നെ അറസ്റ്റ് ചെയ്തിരുന്നു. സന്ദർശക പാസ് ഉപയോഗിച്ചാണ് പ്രതികൾ പാർലമെന്റിനുള്ളിൽ പ്രവേശിച്ചത്.
അതേസമയം, പ്രതിഷേധിക്കാൻ 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനം തന്നെ തെരഞ്ഞെടുത്തതിനെ കോടതി ചോദ്യം ചെയ്തിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരമാണ് (യുഎപിഎ) പ്രതികൾക്കെതിരേ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിൽ, പ്രതികൾ"ഭഗത് സിംഗ് ഫാൻ ക്ലബ്’ എന്ന സോഷ്യൽ മീഡിയ പേജ് വഴി ബന്ധപ്പെട്ടിരുന്നുവെന്നും മൈസൂരിൽ കൂടിക്കാഴ്ച നടത്തിയതായും കണ്ടെത്തി. സിഗ്നൽ ആപ്പ് വഴി എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയം ഉപയോഗിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സംഘം ഒന്നര വർഷത്തിനുശേഷമാണ് പാർലമെന്റിൽ പ്രതിഷേധിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നത്.